ജോർജ് കുട്ടിയിലൂടെ മലയാളികളെ കളിയാക്കി ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

airlift

കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറയുന്ന എയർ ലിഫ്റ്റ്‌ കണ്ടിരിക്കാൻ പറ്റിയ  ഹിന്ദി സിനിമയാണ്. കുവൈത്തിൽ നിന്ന് 170,000 ത്തിലേറെ ഇന്ത്യക്കാരെ ജോർദാൻ വഴി രക്ഷപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മലയാളിയായ ടൊയോട്ട സണ്ണി എന്നറിയപെടുന്ന  മാതുണ്ണി മാത്യൂസ്‌ ചുറ്റിപറ്റിയുള്ളതാണ്  കഥ.

സദ്ദാമിന്റെ  കുവൈത്  അധിനിവേശം ഏറെക്കുറെ അങ്ങിനെ തന്നെ വരച്ചു കാട്ടാൻ സംവിധായകൻ  രാജാകൃഷ്ണ മേനോന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ സംഗതി സിനിമയായപ്പോൾ  മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി  എന്ന് പറഞ്ഞപോലെയായി  കാര്യങ്ങൾ.ദുരന്ത കാലത്ത് മുന്നിൽ നിന്ന് പ്രവർത്തിചവരിൽ  ഭൂരിഭാഗവും  മലയാളികൾ ആയിരുന്നു. സിനിമയായപ്പോൾ നായകന്റെ  രൂപത്തിൽ  എത്തുന്നത് രഞ്ജിത്ത് കത്യാൽ എന്ന വടക്കേ ഇന്ത്യക്കാരൻ.   മാത്രമല്ല ജോർജ് കുട്ടി എന്ന സ്വാർത്ഥ  കഥാപാത്രത്തെ  മലയാളികളെ അപമാനിക്കാനായി സൃഷ്ടിക്കുകയും ചെയ്തു .

കത്യാൽ ചെയ്യുന്ന സാമൂഹിക പ്രവർതനങ്ങളെ സമയവും സന്ദർഭവും നോക്കാതെ കുറ്റപെടുതുകയും, അതുമായി ഒട്ടും സഹകരിക്കാതിരിക്കുകയും ചിലപ്പോൾ കത്യാലിന്റെ സദ്ശ്രമങ്ങൾക്ക്  പാര വരെ പണിയുന്ന മലയാളിയാണ് ജോർജ് കുട്ടി. ഹിന്ദി സിനിമക്കിടയിൽ മലയാളത്തിൽ സംസാരിക്കുന്നുണ്ട്  പ്രകാശ്‌ ബെലവാദി അവതരിപ്പിക്കുന്ന  ഈ കഥാപാത്രം.

ടൊയോട്ട സണ്ണിയല്ല ചിത്രത്തിലെ മുഖ്യ കഥാപാത്രം എന്ന് സംവിധയകാൻ മാധ്യമങ്ങൾക്ക് നല്കിയ മുഖാമുഖങ്ങളിലും ചാനൽ  ചർച്ചകളിലും  പറയുന്നുണ്ടെങ്കിലും  നായകൻ രഞ്ജിത്ത് കത്യാലിൻറെ  (അക്ഷയ് കുമാറിൻറെ)  കർമരീതികൾ ഏറെക്കുറെ ടൊയോട്ട സണ്ണിയുടെത്    തന്നെയാണ്.  ചിത്രത്തിൽ നായകൻറെ  വീര കഥകളായി കാണിക്കുന്ന പത്ര കട്ടിങ്ങുകളും  ടൊയോട്ട സണ്ണിയുടെത്. (1990 ഒക്ടോബർ 31ന്  ഈ ലേഖകൻ  ഖലീജ് ടൈംസിൽ  എഴുതിയതാണ് അതിലെ പ്രധാന ഫീച്ചറുകളിൽ ഒന്ന്)

ഒമ്പത് മാസം  മാതുണ്ണി  മാത്യൂസ്  എന്ന  കഥ കഥാപാത്രത്തെ ഞാൻ തലയിലേറ്റി നടന്നിട്ടുണ്ട് എന്ന് അക്ഷയ് കുമാർ പറയുന്നു . ഇത് സണ്ണിയുടെ കഥയാണെങ്കിൽ എന്തിനു ഇദ്ദേഹത്തെ വടക്കേ ഇന്ത്യക്കാരൻ  ആക്കണം . മലയാളി നായകനെ വടക്കേ ഇന്ത്യക്കാരനാക്കി സ്വാർത്ഥ കഥാപാത്രത്തെ മലയാളിയാക്കി മാറ്റിയതിലെ ഗുട്ടൻസ്  എന്തായിരിക്കും?

ഹിന്ദി സിനിമയാണ് അതിനാൽ മുഖ്യ കഥാപാത്രം വടക്കേ ഇന്ത്യക്കാരനാകണം എന്ന വാദം ഉണ്ടാകാം. സമ്മതിച്ചു  പക്ഷെ എന്തിനാണ് സിനിമയിലെ ഏറ്റവും വെറുപ്പിക്കൽ  കഥാപാത്രത്തെ മലയാളിയായി അവതരിപ്പിക്കുന്നത്? പിടികിട്ടാത്ത ചോദ്യമാണത്.

തൃശ്ശൂരിൽ വേരുകൾ  ഉള്ള രാജകൃഷ്ണ മേനോൻ മനോഹരമായാണ് ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത്. എങ്കിലും ദുരന്ത മുഖത്ത് നിന്ന് പ്രവർത്തിച ഒരുപാട് മലയാളികളെ  വിട്ടുപോയിട്ടുണ്ട്.   എൻ .വി. കെ വാര്യർ,തോമസ്‌ ചാണ്ടി, അബി വാരിക്കാട്  എബ്രഹാം, കെ. കെ നായർ, അലി ഹുസൈൻ, സിദ്ദീക്ക്, രാജൻ അങ്ങനെ നിരവധി പേർ.  കുവൈറ്റിൽ കുടുങ്ങിയവരെ  അമ്മാനിലെ അഭയ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ  ഇവർ വഹിച്ച   പങ്കു  ചില്ലറയല്ല.

കൂട്ടത്തിൽ  പറയട്ടെ, ഇന്ത്യക്കാരെ ജോർദാൻ വഴി രക്ഷപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മറ്റൊരാൾ  ആയിരുന്നു   ഇന്ത്യൻ സിറ്റിസൻ കമ്മിറ്റി ചെയർമാൻ ആയിരുന്ന ഹർബജൻ സിംഗ് വേദി. കുവൈറ്റിൽ ഏറെ സ്വാധീനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തെ പറ്റി അത്രയൊന്നും  ചിത്രത്തിൽ കണ്ടില്ല.

കോട്ടയം ഇരവിപേരൂർ  സ്വദേശിയായ മാതുണ്ണി  മാത്യൂസ് 1956ൽ  കുവൈത്തിലെത്തി. ടൊയോട്ട കാറിന്റെ ഏജൻസിയായിരുന്ന നന്നാർ അൽ  സയർ കമ്പനിയിൽ ജോലി തുടങ്ങി. പിന്നീട് കുവൈറ്റിലെ പ്രമുഖനായി.  സ്വന്തം സ്ഥാപനം തുടങ്ങിയപ്പോഴും ആളുകൾ ടൊയോട്ട സണ്ണിയെന്ന് വിളിച്ചു. സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്തില്‍ നാശം വിതച്ചപ്പോള്‍ ഇന്ത്യക്കാർ  സണ്ണിയെയാണ് രക്ഷകനായി കണ്ടത്.  അന്ന് അദ്ദേഹം അവിടത്തെ അഞ്ച് ഇന്ത്യന്‍ സ്‌കൂളുകളില്‍ ക്യാമ്പ് ഒരുക്കി.  ഏകദേശം 9500 ത്തിലേറെ പേരാണ്  സണ്ണിയും കൂട്ടുകാരും തീർത്ത  സ്കൂൾ ക്യാമ്പിൽ അഭയം കണ്ടെത്തിയത്. ഇന്ത്യ സർകാരുമായി ബന്ധപെട്ടു. പിന്നീട് 120ലേറെ ബസുകളിലായി 1200 കിലോമീറ്റർ ദൂരം  താണ്ടി  അമ്മാനിൽ  എത്തിക്കുകയായിരുന്നു.

ഏറെ മുറവിളികൾക്ക് ശേഷം   അന്ന് വിദേശ കാര്യ മന്ത്രിയായിരുന്ന ഐ കെ ഗുജ്റാൾ കുവൈറ്റ്‌ സന്ദർശിച്ചു. തുടർന്ന് ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കമായി. 30 കോടി രൂപ  ചിലവിട്ട് റാസൽ  ഖൈമയിലും കുവൈത്തിലുമായാണ് എയർ ലിഫ്റ്റ് ചിത്രീകരിച്ചത്.    പ്രവാസികളുടെ കഥയായതിനാൽ തന്നെ ഗൾഫ്  രാജ്യങ്ങളിൽ തകർത്തോടുകയാണ്.  ജനുവരി 22 ന്  റിലീസ് ആയ ചിത്രം രണ്ടാഴ്ച കൊണ്ടുണ്ടാക്കിയത് 200 കോടി രൂപയോളം.

അക്ഷയ് കുമാറും നിമ്രത് കൌറും തകർത്തു   അഭിനയിച്ചു. ഇറാഖി മേജർ ആയി വേഷമിട്ട  ഇനാമുൽ ഹഖ് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രമായി. ചെറിയ റോളാണ് എങ്കിലും ജോർജ് കുട്ടിയുടെ ഭാര്യ ആയി അഭിനയിച്ച മലയാള നടി ലെന ഓർമയിൽ തങ്ങും. പുറാബ്  കോഹ്ലിയുടെ ഇബ്രാഹിം എന്നാ കഥപാത്രവും മനസ്സിലിരിക്കും.