വാതുവെപ്പ് നടത്തി: രാജ് കുന്ദ്ര

rajkudകഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഐ.പി.എല്‍ മത്സരങ്ങളില്‍ വാതുവെപ്പ് നടത്തിയതായി രാജസ്ഥാന്‍ റോയല്‍സ് ടീമുടമ രാജ് കുന്ദ്ര സമ്മതിച്ചു. വാതുവെപ്പ് ഇടനിലക്കാരുടെ സഹായത്തോടെ തന്റെ സ്വന്തം ടീമിന്റെ കളികളില്‍ തന്നെയാണ് വാതുവെപ്പ് നടത്തിയതെന്ന് അറസ്റ്റിലായ രാജ് കുന്ദ്ര ഡല്‍ഹി പോലീസിനോട് കുറ്റസമ്മതം നടത്തി.

ഇതിലൂടെ വന്‍തുക നഷ്ടമായതായും അദ്ദേഹം പറഞ്ഞതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. അതേസമയം, കുന്ദ്രയുടെ പേരില്‍ വാതുവെപ്പ് കേസ് ചുമത്താന്‍ പോലീസ് തയ്യാറല്ല. വാതുവെപ്പ് കേസിന് ജാമ്യം ലഭിക്കുമെന്നതിനാലാണിത്.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായുള്ള ബന്ധത്തിന്റെ ചുരുളഴിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. രാജസ്ഥാന്‍ റോയല്‍സിന് കുന്ദ്രയുടെ ഭാര്യയും ബോളീവുഡ് നായികയുമായ ശില്‍പ്പ ഷെട്ടിയുള്‍പ്പടെ നാല് ഉടമസ്ഥരാണുള്ളത്.

വാതുവെപ്പിന് കൂട്ട് നിന്ന് ഒത്തുകളിച്ചുവെന്ന കേസില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെ മൂന്ന് കളിക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.