ബലാത്സംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്‌

advertisehereഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വിദ്യാര്‍ഥിനി മൃഗീയമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനും തുടര്‍ന്നുണ്ടായ പ്രതിഷേധപ്രകടനങ്ങള്‍ക്കും വമ്പിച്ച മാധ്യമശ്രദ്ധ കിട്ടിയശേഷം രാജ്യത്ത് ബലാത്സംഗക്കേസുകള്‍ കൂടിയതായാണ് കാണുന്നത്. മുംബൈ പോലീസ് പറയുന്നതനുസരിച്ച്, 2013-ന്റെ ആദ്യപാദത്തില്‍ ലൈംഗികാതിക്രമക്കേസുകളും ബലാത്സംഗക്കേസുകളും തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ടു ചെയ്തതിനേക്കാള്‍ ഇരട്ടിയായി.
സ്ത്രീകളോ കുട്ടികളോ പീഡിപ്പിക്കപ്പെട്ടതായോ ബലാത്സംഗം ചെയ്യപ്പെട്ടതായോ ആസിഡ് ആക്രമണത്തിനിരയായതായോ ഓരോ ദിവസവും പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ബലാത്സംഗം ചെയ്യപ്പെടുന്നതും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും മിക്കപ്പോഴും നാലുവയസ്സിനും അഞ്ചുവയസ്സിനുമിടെ പ്രായമുള്ള കുട്ടികളാണ്. ‘ബലാത്സംഗ’ത്തിന് പെട്ടെന്ന് വാര്‍ത്താമൂല്യം കൈവന്നു. ഒരുപിടി കേസുകള്‍ പെട്ടെന്ന് ഉയര്‍ന്നുവന്നു എന്നമട്ടിലുള്ള ചിത്രമാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.
ഇതുയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. പെട്ടെന്നുണ്ടായ മാറ്റമെന്താണ്? എന്തുകൊണ്ടാണ് ഇത്തരം നിയലംഘനങ്ങള്‍ നടക്കുന്നത്? എന്താണ് ഇതിനുള്ള പരിഹാരം? ആഗോളീകരണവും പുതിയ സാമ്പത്തിക ക്രമവുമാണോ ഈ നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. അതോ, ടെലിവിഷന്‍ ചാനലുകളുടെ പെരുക്കവും മൊബൈല്‍ ഫോണുകള്‍ വഴിയുള്ള പോണ്‍ സൈറ്റുകളുടെ ലഭ്യതയുമാണോ. അതുമല്ലെങ്കില്‍ നമ്മുടെ സിനിമകള്‍ സ്ത്രീകളെ വസ്തുക്കളായി ചിത്രീകരിക്കുന്നതോ. ഇതിലേതാണ് അടിസ്ഥാനകാരണം? ഒരുപക്ഷേ, ഇവയെല്ലാമാവാം. എങ്കിലും അത് ഒരു ഭാഗികചിത്രമേ ആകുന്നുള്ളൂ.